"കർഷകനിൽ നിന്ന് സംരംഭകനിലേക്ക്" – പത്തനംതിട്ട ജില്ലയിലെ റാന്നി അത്തിക്കയം സ്വദേശി ശ്രീ കെ എസ് ജോസഫ്, സഹോദരൻ കെ.എസ്. ആന്‍റണിയോടൊപ്പം 2017-ൽ 200 മൂടില്‍ തുടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇന്ന് 10 ഏക്കറിലേക്കൂ വളര്‍ന്നു നില്‍ക്കുകയാണ്. ജെ ജേ ഗാർഡൻസ് എന്ന പേരിൽ മൊത്തവ്യാപാരത്തിലും കയറ്റുമതിയിലും ചുവടുറപ്പിച്ചു കഴിഞ്ഞ അദ്ദേഹം ഇപ്പോൾ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ലോകത്തേക്കും പ്രവേശിക്കുകയാണ്.
കേരളത്തിനകത്തും പുറത്തും ഉള്ള നിരവധി അന്വേഷണങ്ങൾക്കൊടുവിൽ കാർഷിക കോളേജ് വെള്ളായണിയിലെ പോസ്റ്റ്ഹാര്‍വസ്റ്റ് മാനേജ്മെൻറ് വിഭാഗത്തിൽ എത്തുകയും ഇവിടെ നിന്നും പരിശീലനവും സാങ്കേതിക പിന്തുണയും നേടിയ ശേഷം ജോസഫ് ഡ്രാഗൺ ഫ്രൂട്ട് ജാം തയ്യാറാക്കി. മാർക്കറ്റ് സർവേ നടത്തി ഉൽപ്പന്നത്തിന്‍റേ വിപണിസാധ്യതയും ഉപഭോക്തകളുടേ സ്വീകാര്യതയും ഉറപ്പിച്ചു. ഇതോടെ ഡ്രാഗൺ ഫ്രൂട്ടില്‍ നിന്നും മറ്റ് വൈവിധ്യമാർന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്കും അദ്ദേഹം തയ്യാറെടുക്കുകയാണ്.
ഇൻക്യൂബേഷൻ സെന്‍ററിന്‍റെ പിന്തുണയോടെ പോഷക ഘടകങ്ങളുടെ വിശകലനം, ന്യൂട്രിഷൻ ലേബൽ തയ്യാറാക്കൽ, ഉൽപ്പന്ന ഗുണമേന്മാ പരിശോധന എന്നിവയും വിജയകരമായി പൂർത്തിയാക്കി. കേരളത്തിനകത്തും പുറത്തും, വിദേശ വിപണികളിലും ഉൽപ്പന്നങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
ഈ മുന്നേറ്റത്തിന് ശക്തമായ പിന്തുണ നൽകിയിരിക്കുന്നത് കേരള കാര്‍ഷിക സര്‍വലകലാശാലയുടേ വെള്ളായണി കാർഷിക കോളേജിലെ പോസ്റ്റ് ഹാർവസ്റ്റ് മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ ഇൻക്യൂബേഷൻ സെന്‍ററിലേ ശാസ്ത്രഞ്ചരായ ഡോ ഗീതാലക്ഷ്മി പി. ആര്‍., ഷമീന എസ്. എന്നിവരാണ്. സംരംഭകർക്ക് ആവശ്യമായ പരിശീലനം, സാങ്കേതിക മാർഗനിർദ്ദേശം, ഉൽപ്പന്ന വികസന സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്.
കാർഷിക കോളേജിലെ പോസ്റ്റ്ഹാര്‍വസ്റ്റ് ഇൻക്യൂബേഷൻ സെന്‍ററിന്‍റെ മുഖ്യ സേവനങ്ങൾ
ഇൻകുബേഷന്റെ സൗകര്യങ്ങൾ സംരംഭകർക്ക് നിശ്ചിത ഫീസ് അടച്ചു ഉൽപ്പന്ന നിർമ്മാണത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്. പഴം-പച്ചക്കറി സംസ്കരണത്തിനും, ഉൽപ്പന്ന വികസനത്തിനും സംരംഭകർക്കുമുള്ള സാങ്കേതിക പിന്തുണ നല്കുന്നു. പഴം-പച്ചക്കറി സംസ്കരണം, പഴം പച്ചക്കറി വിളവെടുപ്പിന് ശേഷമുള്ള പരിചരണം പച്ചക്കറി സംസ്കരണത്തിലെ നൂതന സാങ്കേതികവിദ്യകൾ തുടങ്ങി നിരവധി വിഷയങ്ങളില്‍ പരിശീലന പരിപാടികൾ നടത്തിവരുന്നു. ഇതുകൂടാതെ മൂല്യ വർധിത ഉത്പന്നങ്ങളുടെ പോഷകനിലവാരം വെളിപ്പെടുത്തുന്ന ന്യൂട്രീഷൻ ലേബലിനു വേണ്ടി പോഷകങ്ങളുടെ വിശകലനവും ഇൻക്യൂബേഷൻ സെന്‍ററില്‍ ചെയ്തു നൽകിവരുന്നു.
സംരംഭകർക്ക് സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ കാർഷിക കോളേജിലെ ഇൻക്യൂബേഷൻ സെന്‍റര്‍ നൽകുന്ന പിന്തുണ സംരംഭക ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായകമാകുമെന്ന് ജോസഫ് ആത്മവിശ്വാസത്തോടെ പറയുന്നു.